വിലക്കയറ്റത്തെ തടയാൻ ഓണക്കാലത്ത് സപ്ലൈകോ വഴി സമാനതകളില്ലാത്ത വിപണി ഇടപെടൽ നടത്തി UDF സർക്കാർ.
Economy

വിലക്കയറ്റത്തെ തടയാൻ ഓണക്കാലത്ത് സപ്ലൈകോ വഴി സമാനതകളില്ലാത്ത വിപണി ഇടപെടൽ നടത്തി UDF സർക്കാർ.

പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുമ്പോഴും വില കുറച്ച് ആവശ്യ സാധനങ്ങൾ ലഭ്യമാക്കി സപ്ലൈകോ.

സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണെന്നും പൊതുവിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നുമുള്ള രീതിയിൽ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോഴും സാധാരണക്കാർക്ക് പൂർണ്ണ ആശ്വാസമേകാൻ ശക്തവും ഫലപ്രദവുമായ വിപണി ഇടപെടലാണ് സംസ്ഥാന സർക്കാർ സപ്ലൈകോയും കൺസ്യൂമർഫെഡും വഴി നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഒഴിഞ്ഞ റാക്കുകളും മറികടന്ന്, ഇത്തവണ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ആവശ്യത്തിന് സ്റ്റോക്കുകൾ നിറച്ച് തികഞ്ഞ സജ്ജീകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ലഭ്യമല്ലാതിരുന്ന വെളിച്ചെണ്ണയുടെ നോൺ-സബ്‌സിഡി നിരക്ക് ₹389 വരെ ഉയർന്നിരുന്ന സ്ഥാനത്ത്, ഇത്തവണ സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് ₹249-ൽ നിന്ന് ₹229 ആയി കുറച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് (പൊതുവിപണിയിൽ വെളിച്ചെണ്ണ വില ലിറ്ററിന് ₹510 കടന്നുനിൽക്കുമ്പോഴാണ് ഈ വലിയ ആശ്വാസം).

കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ഓണക്കാലത്തെ സബ്‌സിഡി നിരക്കുകളേക്കാൾ കുറഞ്ഞ വിലയിലാണ് ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യ സാധനങ്ങൾ ഇത്തവണ വിതരണം ചെയ്യുന്നത്. ചെറുപയറിന് പൊതുവിപണിയിൽ ₹139.93 വിലയുള്ളപ്പോൾ കഴിഞ്ഞ വർഷത്തെ ₹90 സബ്‌സിഡി നിരക്ക് ഈ വർഷം ₹85 ആയി കുറച്ചു. അതുപോലെ ഉഴുന്ന് (പൊതുവിപണി: ₹145.71) ₹90-ൽ നിന്ന് ₹87 ആയും, വൻപയർ (പൊതുവിപണി: ₹113) ₹70-ൽ നിന്ന് ₹68 ആയും, തുവരപ്പരിപ്പ് (പൊതുവിപണി: ₹140.21) ₹93-ൽ നിന്ന് ₹83 ആയും കുറച്ചു നൽകിയിട്ടുണ്ട്. കൂടാതെ ജയ അരി, കുറുവ അരി, മട്ട അരി (₹33/kg), പച്ചരി (₹29/kg), പഞ്ചസാര (₹34.65/kg) എന്നിവയുടെ സബ്‌സിഡി നിരക്കുകൾ യാതൊരു വർദ്ധനവുമില്ലാതെ താങ്ങാവുന്ന വിലയിൽ തന്നെ നിലനിർത്തിയിരിക്കുന്നു. ഇതിനുപുറമെ, ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ രണ്ടു മാസത്തെ സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് ജനങ്ങൾക്ക് ഇപ്പോൾ ഒറ്റയടിക്ക് ഒന്നിച്ച് വാങ്ങാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

തുറന്ന വിപണിയിലെ പകുതിയോളം കുറഞ്ഞ നിരക്കിൽ 13 ഇനം സബ്‌സിഡി സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കോടെ വിതരണം ചെയ്യുമ്പോൾ, യുഡിഎപ് സർക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ മറച്ചുവെച്ച് നടത്തുന്ന വ്യാജപ്രചരണങ്ങൾ പൊതുജനങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു. തടസ്സമില്ലാത്ത വിതരണവും താങ്ങാവുന്ന വിലയും ഉറപ്പാക്കി സംസ്ഥാന സർക്കാർ എന്നും പൊതുജനങ്ങൾക്കൊപ്പമുണ്ടാകും.

#CMOKeralam #Onam #Supplyco #Anoopjacob